തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കില്ല; കേരളാ പാർട്ടി രൂപീകരിക്കാൻ അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും

പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ വീണ്ടും പ്രതിസന്ധി. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. കേരളാ പാർട്ടി രൂപീകരിക്കണമെന്ന് അൻവറിനോട് കോൺഗ്രസ് ആവശ്യപ്പെടും. നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം കോൺഗ്രസ് നേതാക്കൾ അൻവറിനെ അറിയിക്കും
തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലേക്ക് എടുക്കുന്നത് അബദ്ധമാകുമെന്നാണ് ഘടകകക്ഷികളുടെയും നിലപാട്. തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി സംസ്ഥാനത്ത് രൂപീകരിക്കുന്നതാകും ഉചിതമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.
മാണി സി കാപ്പൻ കേരളാ പാർട്ടി രൂപീകരിച്ച് നിൽക്കുന്നതുപോലെ മുന്നണിയിലേക്ക് കടന്നുവരുന്നതാണ് നല്ലതെന്ന് അൻവറിനെ ബോധ്യപ്പെടുത്തും. മുന്നണിയിൽ ഘടകകക്ഷിയാക്കാതെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അൻവർ സ്വീകരിക്കുന്ന നിലപാടാകും നിർണായകമാകുക.