ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർഥികൾക്കെതിരായ ആരോപണം ഗൗരവകരമെന്ന് ഹൈക്കോടതി

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർഥികൾക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് ഹൈക്കോടതി. പ്രതികളായ വിദ്യാർഥികളുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
ഹർജിയിൽ കക്ഷി ചേരാൻ ഷഹബാസിന്റെ പിതാവിനെ കോടതി അനുവദിച്ചിട്ടുണ്ട്. നേരത്തെ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. നിലവിൽ ഇവർ വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിലാണ്
രണ്ട് സ്കൂളിലെ കുട്ടികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫെബ്രുവരി 28ന് ട്യൂഷൻ സെന്ററിലെ പരിപാടിയെ ചൊല്ലി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ ഷഹബാസിനെ ക്രൂരമായി മർദിച്ചത്. മാർച്ച് ഒന്നിന് ചികിത്സയിൽ തുടരവെയാണ് ഷഹബാസ് മരിച്ചത്.