Kerala

ഡിവിആര്‍ കാണാനില്ല; നായ്ക്കള്‍ അവശതയില്‍: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം

കോട്ടയം: തിരുവാതുക്കലില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ അടിമുടി ദുരൂഹത. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. വ്യവസായി വിജയകുമാറിനെയും, ഭാര്യ മീരയെയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതി ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. നേരത്തെ ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി അമിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തുതായും സൂചനയുണ്ട്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ഇയാളാണോയെന്ന് വ്യക്തമല്ല.

സ്വഭാവദൂഷ്യം കാരണം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അതിഥി തൊഴിലാളിയെ വിജയകുമാര്‍ പിരിച്ചുവിട്ടത്. ഫോണ്‍ മോഷണമായിരുന്നു കാരണം. ഈ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് പുറത്തിറങ്ങുകയായിരുന്നു.

അടിമുടി ദുരൂഹത
ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മകനെ എട്ട് വര്‍ഷം മുമ്പ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ വിദേശത്താണ്. മകന്റെ മരണത്തില്‍ നീതി തേടി ദമ്പതികള്‍ നിയമപോരാട്ടം നടത്തിയിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് വിജയകുമാറും മീരയും കൊല്ലപ്പെടുന്നത്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

കൃത്യമായ ആസൂത്രണം
സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡിവിആര്‍ കാണാനില്ലെന്നതും, വീട്ടിലെ രണ്ട് നായ്ക്കള്‍ അവശനിലയിലാണെന്നതും കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന് വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനാകാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയാണെങ്കിലും, ഇതിനകം പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഞെട്ടലില്‍ നാട്ടുകാര്‍
രാവിലെ 8.45-ഓടെ വീട്ടുജോലിക്കാരിയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തുന്നത്. വീട്ടില്‍ കാര്യസ്ഥനുമുണ്ടായിരുന്നെങ്കിലും ഇദ്ദേഹം വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല. വീടിന്റെ പിന്‍വശത്താണ് കാര്യസ്ഥന്‍ കഴിയുന്നത്. ഇദ്ദേഹത്തിന് കേള്‍വിപ്രശ്‌നവുമുണ്ട്. വലിയ വീടാണെന്നതിനാല്‍ മുന്‍വശത്ത് നടക്കുന്നത് പിന്‍വശത്ത് അറിയാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഈ സംഭവം കാര്യസ്ഥന്റെ ശ്രദ്ധയില്‍പെടാത്തതും.

അതിക്രൂരമായിരുന്നു കൊലപാതകം. അമ്മിക്കല്ല് ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് പ്രതി അകത്ത് പ്രവേശിച്ചതെന്ന് കരുതുന്നു. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നു. വിജയകുമാറിന്റെയും മീരയുടെയും കൊലപാതകത്തില്‍ നാട്ടുകാരും ഞെട്ടലിലാണ്.

കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമയാണ് വിജയകുമാര്‍. കഴിഞ്ഞ ദിവസം കൂടി കണ്ട തൊഴിലുടമയും അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ ജീവനക്കാരും.

Related Articles

Back to top button
error: Content is protected !!