കാശ്മീരിലുള്ള ഹൈക്കോടതി ജഡ്ജിമാരും എംഎൽഎമാരും സുരക്ഷിതർ; സഹായങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദേശം

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാശ്മീരിൽ കുടുങ്ങിയ മലയാളികൾക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണമേർപ്പെടുത്താൻ നോർക്ക റൂട്സിന് മുഖ്യമന്ത്രി നിർദേശം നൽകി. ഇടപ്പള്ളി സ്വദേശി കൊല്ലപ്പെട്ടുവെന്ന വാർത്ത അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഹൈക്കോടതി ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ, ഗിരീഷ് എന്നിവർ കാശ്മീരിലുണ്ട്. ഇവർ ശ്രീനഗറിലെ ഹോട്ടലിൽ സുരക്ഷിതരാണ്. എംഎൽഎമാരായ കെപിഎ മജീദ്, ടി സിദ്ധിഖ്, എം മുകേഷ്, കെ ആൻസലൻ എന്നിവരും ശ്രീനഗറിലുണ്ട്. ഇവരും സുരക്ഷിതരാണ്
നോർക്ക ഹെൽപ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939(ടോൾ ഫ്രീ നമ്പർ), 00918802012345(മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.