ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ; ഒപ്പമുണ്ടെന്ന് ട്രംപും പുടിനും

പഹൽഗാം ഭീകരാക്രമണത്തിൽ വേദനിച്ച് നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യയ്ക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കാശ്മീരിൽ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് അറിയിച്ചു
രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ക്രൂരകൃത്യത്തിന് ആർക്കും ന്യായീകരവും നൽകാനാകില്ല. ഈ ആക്രമണത്തിന്റെ സൂത്രധാരൻമാരെയും ഇത് നടത്തിയവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അവർ കടുത്ത ശിക്ഷ അർഹിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു.
ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണം നടന്നത്. 28 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പത്തിലധികം പേർ പരുക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവരിൽ 27 പേരും പുരുഷൻമാരാണ്