പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും മൂന്ന് ഹൈക്കോടതി ജഡ്ജിമാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും മൂന്ന് കേരളാ ഹൈക്കോടതി ജഡ്ജിമാരും കുടുംബവും രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ജി ഗരീഷ്, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരും കുടുംബവുമടങ്ങുന്ന എട്ടംഗ സംഘമാണ് അവധി ആഘോഷത്തിനായി കാശ്മീരിലെത്തിയത്
ഏപ്രിൽ 17നാണ് സംഘം കാശ്മീരിലെത്തിയത്. തിങ്കളാഴ്ച സംഘം പഹൽഗാമിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങിയിരുന്നു. ഡ്രൈവർ കുറച്ചുകൂടി സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞുവെങ്കിലും ദാൽ തടാകം കാണണമെന്ന് പറഞ്ഞതിനാലാണ് സുരക്ഷിതമായി ശ്രീനഗറിൽ എത്താനായതെന്ന് ജസ്റ്റിസ് നരേന്ദ്രൻ പറഞ്ഞു
ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഒരു വ്യക്തിയെ ഹോട്ടലിൽ വെച്ച് കണ്ടിരുന്നുവെന്നും അദ്ദേഹം ഇപ്പോഴും നടുക്കത്തിലാണെന്നും ജസ്റ്റിസ് പറഞ്ഞു. കേരളത്തിലേക്ക് ഉടൻ മടങ്ങുമെന്നും ജഡ്ജിമാർ പറഞ്ഞു.