പെഹൽഗാം ഭീകരാക്രമണം: മതത്തെ തീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് മുസ്ലിം ലീഗ്

ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവുമില്ല. അക്രമം ആവർത്തിക്കാതിരിക്കാൻ കശ്മീരി ജനങ്ങൾക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
ടൂറിസം മേഖലയെ ലക്ഷ്യം വച്ചാണ് ഭീകരവാദികൾ അഴിഞ്ഞാടിയത് എന്നാണ് മനസിലാകുന്നത്. കൊവിഡിന് ശേഷം ടൂറിസം മേഖല മെച്ചപ്പെട്ടു വരികയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ തന്നെ ടൂറിസത്തെ ആകെ ബാധിക്കുന്ന രീതിയിലാണ് ഈ സംഭവങ്ങളെ ലോകം വിലയിരുത്തുക എന്നത് ആശങ്കാജനകമാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മതത്തെ തീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് മുസ്ലീം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പെഗൽഗാമിലുണ്ടായ ഭീകരാക്രമണം അങ്ങേയറ്റം അപലപനീയമാണ്. രാജ്യം മുഴുവൻ ഏറെ വേദനയോടെയാണ് ഇത് കേട്ടത്. രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം നേരിട്ടിരിക്കുകയാണ്.
ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ഇവിടെ രാഷ്ട്രീയമായ ഭിന്നിപ്പ് ഒന്നുമില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റാണിപ്പോൾ കശ്മീരിലുള്ളത്. ആ സർക്കാർ അതിനനുസരിച്ച് പ്രവർത്തിക്കണം. തീവ്രവാദം അവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യണം. ഇത് വറലെ നിഷ്ടൂരമായ പ്രവർത്തിയാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.