ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി; കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ മരണസംഖ്യ 29 ആയി. മരിച്ചവരിൽ 26 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ നിന്നും കർണാടകയിൽ നിന്നും മൂന്ന് പേർ വീതം, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡിഷ, ബിഹാർ, ചണ്ഡിഗഢ്, ഉത്തരാഖണ്ഡ്, ഹരിയാന, കാശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചത്
നേപ്പാളിൽ നിന്നുള്ള ഒരാളും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും മരിച്ചവരിൽ ഉൾപ്പെടുന്നു. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട മലയാളി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ഡൽഹിയിലെത്തും
ഇവിടെ നിന്ന് 4.30നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്നും കയറ്റി ഏഴരയോടെ നെടുമ്പാശ്ശേരിയിൽ എത്തിക്കും. അതേസമയം ആക്രമണത്തിൽ പരുക്കേറ്റ 17 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്