Kerala
ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാൻ; പഹൽഗാം സംഭവത്തിൽ ആദ്യ പ്രതികരണം

പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്കിസ്ഥാൻ. പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് പ്രതികരണവുമായി രംഗത്തുവന്നത്. ഭീകരാക്രമണവുമായി പാക്കിസ്ഥാന് ബന്ധമില്ലെന്നും എല്ലാത്തരം ഭീകരവാദത്തെയും പാക്കിസ്ഥാൻ എതിർക്കുന്നതായും ഖ്വാജ ആസിഫ് പറഞ്ഞു.
ഇന്ത്യയുടെ ഉള്ളിൽ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങളുടെ ഭാഗമാണ് പഹൽഗാമിൽ നടന്ന ആക്രമണമെന്നും പാക് പ്രതിരോധമന്ത്രി ആരോപിച്ചു. ഇന്നലെയാണ് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നത്. 29 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്
നാഗാലാൻഡ് മുതൽ കാശ്മീർ വരെയും ഛത്തിസ്ഗഢ്, മണിപ്പൂർ, തെക്കേ ഇന്ത്യ എന്നിവിടങ്ങളിലും അസ്വസ്ഥതകൾ പുകയുന്നുണ്ടെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. ഇവിടെയൊന്നും വിദേശ ഇടപെടലുകളുടെ പ്രവർത്തനങ്ങളല്ല. മറിച്ച് പ്രാദേശിക പ്രക്ഷോഭങ്ങളാണ് കാരണമെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.