എന്റെ കൺമുന്നിലിട്ടാണ് അച്ഛനെ കൊന്നത്, മക്കളുമായി കാട്ടിലൂടെ ഓടി; കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ

പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന് ആരതി പറഞ്ഞു. മക്കൾ കരഞ്ഞതു കൊണ്ടാകാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടത്.
മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അര മണിക്കൂറോളം നേരം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിലായിരുന്നില്ലെന്നും ആരതി പറഞ്ഞു
ഭീകരാക്രമണമാണെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ എല്ലാവരും നിലത്തുകിടന്നു. പെട്ടെന്ന് തീവ്രവാദികൾ ഓടുന്ന ആൾക്കാരുടെ അടുത്ത് വന്ന് നിലത്ത് കിടക്കാൻ പറഞ്ഞു. ഓരോരുത്തരോടും എന്തോ ചോദിക്കുകയും വെടിയുതിർക്കുകയും ചെയ്തു. അങ്ങനെയാണ് എന്റെയും അച്ഛന്റെയും അടുത്ത് വന്നത്.
കലിമ എന്നൊരു വാക്ക് മാത്രമാണ് അവർ ചോദിച്ചത്. മനസിലായില്ലെന്ന് ഹിന്ദിയിൽ പറഞ്ഞു. അഞ്ച് നിമിഷത്തിനുള്ളിൽ അവർ അച്ഛനെ എന്റെ മുന്നിൽ വെച്ച് ഷൂട്ട് ചെയ്തു. അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന മക്കൾ പോകാമെന്ന് പറഞ്ഞ് കരഞ്ഞു. അച്ഛൻ മരിച്ചെന്ന് അപ്പോഴേക്കും ഉറപ്പായിരുന്നു. പിന്നെ മക്കളെയും കൂട്ടി കാട്ടിലൂടെ ഓടിയെന്നും ആരതി പറഞ്ഞു