അമിത് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം; ശബ്ദം കേട്ട് ഉണർന്നതിനാൽ മീരയെയും കൊന്നു

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അമിത് ഒറാങ് ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമെന്ന് മൊഴി. ശബ്ദം കേട്ട് ഉണർന്നതിനാലാണ് ഭാര്യ മീരയെയും കൊലപ്പെടുത്തിയത്. വിജയകുമാർ കൊടുത്ത കേസ് മൂലമാണ് ഗർഭം അലസിപ്പോയ ഭാര്യയെ പരിചരിക്കാൻ പ്രതിക്ക് പോകാൻ സാധിക്കാതിരുന്നത്. പിന്നെ കുടുംബ ബന്ധവും തകർന്നു. ഈ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്
പിടിയിലായി ആദ്യ മണിക്കൂറിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ പറഞ്ഞത്. ജോലിക്കാരനായിരുന്ന തന്നെ ശമ്പളം നൽകാതെ വിജയകുമാർ മാനസികമായി പീഡിപ്പിച്ചു. ഇതേ തുടർന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ചത്
ഈ കേസിൽ അഞ്ച് മാസം റിമാൻഡിൽ കഴിഞ്ഞു. ഈ കാലത്താണ് ഭാര്യയുടെ ഗർഭം അലസിപ്പോയത്. ഭാര്യയെ പരിചരിക്കാൻ പോലും സാധിക്കാതെ വന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പറയുന്നു.