പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാന് പിന്തുണയറിയിച്ച അസമിലെ എംഎൽഎ അറസ്റ്റിൽ

ഗുവാഹത്തി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ചതിന് അസമിൽ നിന്നുള്ള എംഎൽഎ അറസ്റ്റിൽ. പ്രതിപക്ഷ കക്ഷിയായ എഐയുഡിഎഫിന്റെ എംഎൽഎ അമിനുൽ ഇസ്‌ലാമാണ് അറസ്റ്റിലായത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എംഎൽഎയുടെ അഭിപ്രായം വ്യക്തിപരമാണെന്നും പാർട്ടിയുടെ നിലപാടല്ലെന്നും എഐയുഡിഎഫ് അറിയിച്ചു. പാകിസ്ഥാനെ അനുകൂലിച്ച് അമിനുൽ ഇസ്‌ലാം സംസാരിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെയാണ് അറസ്റ്റ് രോഖപ്പെടുത്തിയത്. ഇനിയുള്ള നടപടികൾ കോടതി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2019 ഫെബ്രുവരിയിൽ പുൽവാമയിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണവും പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് പിന്നിലും സർക്കാരിന്റെ ഗൂഢാലോചനകളാണെന്നാണ് അമിനുൾ ഇസ്ലാം ആരോപിച്ചത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ അസം പോലീസ് സ്വമേദയ കേസെടുക്കുകയായിരുന്നു. അസമിലെ ദിംഗിൽ നിന്നുള്ള എംഎൽഎയാണ് അമിനുൾ ഇസ്ലാം. പൊതുജനമധ്യത്തിൽ നടത്തിയ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനയാണെന്നും പോലീസ് പറഞ്ഞു.
ഭീകരാക്രണത്തിൻ്റെ പശ്ചാതലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി വ്യോമാഭ്യാസം നടത്തി ഇന്ത്യ. ആക്രമൺ എന്ന പേരിൽ സെൻട്രൽ സെക്ടറിലായിരുന്നു അഭ്യാസം നടത്തിയത്. സെൻട്രൽ കമാൻഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങൾ അണിനിരത്തിയായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസം. ഇന്ത്യൻ നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനവും നടത്തി. പഞ്ചാബ് അതിർത്തി കടന്ന് കർഷകരെ സഹായിക്കാനായി പോയ ബിഎസ്എഫ് ജവാനെ തടഞ്ഞുവെച്ചിരിക്കുകയാണ്. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
പാകിസ്താനിലുള്ള ഭീകരരുടെ നേതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഇന്ത്യ. ജമ്മു കശ്മീരിൽ ഒളിച്ച് കഴിയുന്ന ഭീകരരെ കണ്ടെത്തി കൊലപ്പെടുത്താനാണ് ഇന്ത്യ സുരക്ഷാ ഏജൻസികളുടെ ലക്ഷ്യം. പാകിസ്താനിൽ കടന്ന് നുഴഞ്ഞുക്കയറ്റക്കാരായ ഭീകരരെ കണ്ടെത്തി ആക്രമിക്കുന്നതിനേക്കാൾ പ്രായോഗികം പുതിയ നേതാക്കൾ ആരൊക്കെയെന്ന് കണ്ടെത്തുന്നതാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
നിലവിൽ പ്രവർത്തിക്കുന്ന ഭീകരതാവളങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്താനുള്ള സാങ്കേതിക സഹായം സുരക്ഷേ ഏജൻസികൾ തേടിയിട്ടുണ്ട്. രംഗത്തുള്ള ഭീകരരുടെ അടുത്ത നീക്കമറിഞ്ഞ് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിഎസ്എഫ് ജവാനെ തടഞ്ഞുവെച്ച സംഭവത്തിലും പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് രാജ്യം.