Kerala
അനധികൃത സ്വത്ത് സമ്പാദന പരാതി; കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് കെഎം എബ്രഹാം. 2016ലാണ് ജോമോൻ പുത്തൻപുരയ്ക്കൽ കെഎം എബ്രഹാമിനെതിരെ വിജിലൻസിനെ സമീപിച്ചത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി.
എന്നാൽ തനിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെഎം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തയിച്ചിരുന്നു. ജോമോൻ പുത്തൻപുരയ്ക്കലിനെതിരെയാണ് കെഎം എബ്രഹാമിന്റെ ആരോപണം.