മാല പുലിപ്പല്ല് കൊണ്ടുള്ളത്; തായ്ലന്റില് നിന്ന് കൊണ്ടുവന്നത്: വേടനെതിരെ കേസെടുത്ത് വനം വകുപ്പ്

കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളിയുടെ മാല പുലിപ്പല്ല് കൊണ്ടുള്ളത്. വേടന് ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്കി. പുലിപ്പല്ല് തായ്ലന്റില് നിന്ന് കൊണ്ടുവന്നതാണെന്നാണ് മൊഴി. പൊലീസിനോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സുഹൃത്ത് വഴിയാണ് ഇത് കൊണ്ടുവന്നതെന്നും വേടന് സമ്മതിച്ചിട്ടുണ്ട്.
വേടനെതിരെ വനം വകുപ്പ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോടനാട് ഫോറസ്റ്റ് ഓഫീസിലേയ്ക്ക് കൊണ്ട് പോകാനാണ് തീരുമാനം. നാളെ കോടതിയില്‍ ഹാജരാക്കുംതൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് കോടനാടേയ്ക്ക് കൊണ്ട്പോകും.
പരിശോധനയിലെ ഒറിജിനല്‍ ആണോ എന്ന് വ്യക്തമാകുമെന്ന് വനം വകുപ്പ്. സംരക്ഷിത പട്ടികയില്‍പ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നതും ഇന്ത്യയില്‍ കുറ്റകരമാണ്. പുലിപ്പല്ല് ഒറിജിനല്‍ എങ്കില്‍ വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്യും. പരിശോധനയ്ക്കായി കോടനാട് റേഞ്ച് ഓഫീസറും സംഘവും ഹില്‍പാലസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചതായി വേടന് സമ്മതിച്ചിട്ടുണ്ട്. ഫ്ളാറ്റില്‍ നിന്ന് 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.
വേടന് അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റില്‍ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞദിവസം ഫ്ലാറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.