എസ്എസ്എൽസി ഫലം മേയ് 9 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മേയ് 9 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. എട്ടാം ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കും. 5, 6, 7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെയും, ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയാണ് നടന്നത്. ഇത്തവണ 72 ക്യാമ്പുകളിലായാണ് മൂല്യനിർണയം നടന്നത്.
സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.