വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ വിഡി സതീശൻ പങ്കെടുത്തേക്കില്ല

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തേക്കില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് വാർത്തയായപ്പോൾ മാത്രമാണ് ക്ഷണക്കത്ത് നൽകിയതെന്നാണ് കോൺഗ്രസിലെ പൊതുവികാരം. ചടങ്ങിൽ പങ്കെടുക്കാനായി സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ പട്ടികയിൽ സതീശന്റെ പേരുണ്ടായിരുന്നില്ല.
കോൺഗ്രസ് നേതാക്കളുടെ വിമർശനത്തെ തുടർന്നാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് തുറമുഖം മന്ത്രി വിഎൻ വാസന്റെ ഔദ്യോഗിക ലെറ്റർ പാഡിലുള്ള ക്ഷണക്കത്ത് എത്തി.
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് എന്നാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനാലാണ് സതീശനെ ക്ഷണിക്കാത്തതെന്നും അനൗദ്യോഗിക വിശദീകരണം വന്നിരുന്നു. മെയ് 2നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം കമ്മീഷൻ ചെയ്യുന്നത്.