വേടനെ വനംവകുപ്പ് വേട്ടയാടിയെന്ന് സിപിഎം; വേടൻ പാവപ്പെട്ടവരുടെ പ്രതിനിധിയെന്ന് എംവി ഗോവിന്ദൻ

വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടനെ അറസ്റ്റ് ചെയ്തതിലും ജാമ്യത്തിൽ വിട്ടതിലും സിപിഎമ്മിന് എതിർപ്പില്ല. വേടൻ പാവപ്പെട്ടവരുടെ പ്രതിനിധിയാണ്. പുലിപ്പല്ല് കേസിൽ ഗൗരവപൂർണമായ പരിശോധന വേണമെന്നും. ഒരുതരത്തിലും വേട്ടയാടപ്പെടലിലേക്ക് പോകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
സുഹൃത്തുക്കളുമായി ചേർന്ന് കഞ്ചാവ് ഉപയോഗിച്ചെന്നത് വേടൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ആ സമ്മതിച്ച കുറ്റത്തിന് മേലെ പോലീസ് നിലപാട് സ്വീകരിച്ചു. കേസിൽ ജാമ്യം കൊടുത്ത് വിടുകയും ചെയ്തു. അതിന്റെ കൂടെ പുലിയുടെ പല്ല് ഉപയോഗിച്ചെന്ന കേസ് മുതൽ ഗൗരവതരമായി പരിശോധിക്കേണ്ടതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു
അതേസമയം പുലിപ്പല്ല് കേസെടുത്തതിലെ ജാഗ്രത കുറവ് പരിശോധിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വേടനെ പോലുള്ള ആളുകളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തണം. സമൂഹം ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പക്വത വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു