
ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായി ‘അബു സബാഹ്’ എന്നറിയപ്പെടുന്ന ബൽവീന്ദർ സിങ് സാഹ്നിക്ക് ക്രിമിനൽ സംഘടന വഴി കള്ളപ്പണം വെളുപ്പിച്ച കേസിൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 150 മില്യൺ ദിർഹം കണ്ടുകെട്ടാനും 500,000 ദിർഹം പിഴ ചുമത്താനും ദുബായ് ക്രിമിനൽ കോടതി – നാല് ഉത്തരവിട്ടു. വർഷങ്ങൾക്ക് മുൻപ് ലക്ഷക്കണക്കിന് ദിർഹം മുടക്കി ‘ഡി 5’ എന്ന കാർ നമ്പർ പ്ലേറ്റ് ലേലത്തിൽ വാങ്ങി പ്രശസ്തനായ വ്യവസായിയാണ് ബൽവീന്ദർ സിംഗ് സാഹ്നി. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടു കടത്താനും കോടതി വിധിച്ചു.
യുഎഇ, യുഎസ്, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രോപർട്ടി മാനേജ്മെന്‍റ് കമ്പനിയുടെ സ്ഥാപകനാണ് ബൽവീന്ദർ സിങ് സാഹ്നി. വൻ നിക്ഷേപങ്ങൾക്കും ആഡംബര ജീവിത ശൈലിക്കും പേരു കേട്ട ഇദ്ദേഹം, 2016ലാണ് വിശിഷ്ട നമ്പർ പ്ലേറ്റുകൾക്കായുള്ള പ്രത്യേക ലേലത്തിൽ 33 ദശലക്ഷം ദിർഹത്തിന് ഒറ്റ അക്ക കാർ പ്ലേറ്റ് ‘ഡി5’ വാങ്ങി വാർത്തകളിൽ നിറഞ്ഞുനിന്നത്.
2024 ഡിസംബർ 18ന് ബർദുബായ് പൊലീസ് സ്റ്റേഷനിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസിൽ, സാഹ്നിയുടെ മകൻ ഉൾപ്പെടെ ആകെ 33 പ്രതികൾ ഉൾപ്പെട്ടിരുന്നു. യഥാർഥത്തിൽ പ്രവർത്തിക്കാത്ത കമ്പനികളും സംശയാസ്പദ സാമ്പത്തിക ഇടപാടുകളും ഉപയോഗിച്ച് പ്രതികൾ സങ്കീർണമായ പണമിടപാട് ശൃംഖല നടത്തിയിരുന്നുവെന്ന് കോടതി വിധിയിൽ പറയുന്നു.
അന്വേഷണത്തിൽ യുഎഇയിലും വിദേശത്തും വിപുലമായ സാമ്പത്തിക ഡാറ്റയും ബിസിനസ് ബന്ധങ്ങളും കണ്ടെത്തി. ഇതേ തുടർന്നാണ് വെളുപ്പിച്ച ഫണ്ടുകളായി കരുതപ്പെടുന്ന 150 മില്യൺ ദിർഹം, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, കേസുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്.
കൂട്ടുപ്രതികളിൽ ചിലർക്ക് ഒരു വർഷം തടവും 200,000 ദിർഹം പിഴയും ശിക്ഷ ലഭിച്ചു. കൂടാതെ, കേസിൽ ഉൾപ്പെട്ട മൂന്ന് കമ്പനികൾക്ക് 50 മില്യൺ ദിർഹം വീതം പിഴ ചുമത്തുകയും അവരുടെ നിയന്ത്രണത്തിലുള്ള ക്രിമിനൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.