കോഴിക്കോട് നഗരമധ്യത്തിൽ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭം; രക്ഷപ്പെട്ട 17കാരി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ

കോഴിക്കോട് നഗരത്തിൽ അസം സ്വദേശിനിയായ 17കാരിയെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭം. ഇവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട പെൺകുട്ടി ഒടുവിൽ പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലായിരുന്നു കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് മൂന്ന് മാസം മുമ്പ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്
മാസം 15,000 രൂപ ശമ്പളത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു കുട്ടിയെ കേരളത്തിൽ കൊണ്ടുവന്നത്. തന്നെ പോലെ അഞ്ച് പെൺകുട്ടികൾ കൂടി ഈ പെൺവാണിഭ കേന്ദ്രത്തിലുണ്ടെന്നും രക്ഷപ്പെട്ട പെൺകുട്ടി പോലീസിനെ അറിയിച്ചു. ഒരു ദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ട്. ഞായറാഴ്ചകളിൽ ആറും ഏഴും പേരെ യുവാവ് മുറിയിലേക്ക് പ്രവേശിപ്പിക്കുമെന്നും പെൺകുട്ടി മൊഴി നൽകി
സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോകാറുള്ളത്. കഴിഞ്ഞ ദിവസം മുറി പൂട്ടാതെ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് യുവാവ് പോയ തക്കത്തിലാണ് പെൺകുട്ടി പുറത്തിറങ്ങി ഓടിയത്. നേരെ ഒരു ഓട്ടോറിക്ഷയിൽ കയറി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് ശേഷം വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ഒളിവിൽ പോയ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി പറഞ്ഞ കെട്ടിടമേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.