ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ; പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും

പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു
നിലവിലെ സ്ഥിതിയും അധ്യക്ഷനെ മാറ്റുന്നതിലെ നിലപാടും നേതാക്കളോട് രാഹുൽ ചോദിച്ചറിഞ്ഞു. ആന്റോ ആന്റണിക്കാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻതൂക്കം. സുധാകരൻ നടത്തിയ പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. സുധാകരന്റെ സമ്മർദനീക്കം അവഗണിക്കാനാണ് എഐസിസി നീക്കം
അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന സൂചന മല്ലികാർജുന ഖാർഗെയും രാഹുൽ ാഗന്ധിയും നേരിട്ട് നൽകിയിട്ടും സുധാകരൻ മലക്കം മറിഞ്ഞെന്ന് ഹൈക്കമാൻഡ് പറയുന്നു. ഹൈക്കമാൻഡ് വിശ്വാസത്തിലെടുത്ത് നടത്തിയ ചർച്ചയെ അവഗണിച്ച് പരസ്യപ്രതികരണം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമായും നേതൃത്വം കാണുന്നു. ഇന്ന് രാത്രിയോടെ അല്ലെങ്കിൽ നാളെ രാവിലെയോടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.