National

തലയ്ക്ക് വില പത്ത് ലക്ഷം; ടിആര്‍എഫിന്റെ ഇപ്പോഴത്തെ തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുള്‍: കേരളത്തിലും പഠിച്ചിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ടിന്റെ ഇപ്പോഴത്തെ തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുള്‍ കേരളത്തില്‍ പഠനം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഭീകര സംഘടനയില്‍ അംഗമാകുന്നതിന് മുന്‍പ് കേരളത്തില്‍ പഠിച്ചിരുന്നതായാണ് എന്‍ഐഎ റിപ്പോര്‍ട്ട്.

പാക് ചാര സംഘടനയായ ഐഎസ്‌ഐ ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് ഇന്ത്യയ്ക്കുള്ളില്‍ നിന്ന് തന്നെ ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനം നല്‍കിയ ഭീകരനാണ് ഷെയ്ഖ് സജ്ജാദ് ഗുള്‍. ശ്രീനഗറിലെ പഠനത്തിന് ശേഷം ബംഗളൂരുവില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയാണ് സജ്ജാദ് ഗുള്‍ കേരളത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനെത്തിയത്.

തുടര്‍ന്ന് കേരളത്തില്‍ നിന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇയാള്‍ ശ്രീനഗറില്‍ മെഡിക്കല്‍ ലാബ് തുറന്ന് അതിന്റെ മറവില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കി വരികയായിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ സജ്ജാദ് ഗുള്ളിനെ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2002ല്‍ ആര്‍ഡിഎക്‌സുമായി പൊലീസ് പിടികൂടി.

തുടര്‍ന്ന് 2017ല്‍ മോചിതനായ ഗുള്‍ പാകിസ്ഥാനിലേക്ക് പോകുകയായിരുന്നു. ഐഎസ്‌ഐയുടെ സഹായത്തോടെ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപം നല്‍കി. ഇന്ത്യയ്ക്കുള്ളിലുള്ളവരെ ഉപയോഗിച്ച് രാജ്യത്തിനെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടന രൂപീകരിച്ചത്.

Related Articles

Back to top button
error: Content is protected !!