ഇന്ത്യൻ തിരിച്ചടി, ബിഎൽഎയുടെ ആഭ്യന്തര കലഹം; സ്വയം കെണിയിലകപ്പെട്ട് കുടുങ്ങിയ പാക്കിസ്ഥാൻ

ഇന്ത്യക്കെതിരെ ആക്രമണം ആരംഭിച്ച് കൈ പൊള്ളിയ അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഒരു ഭാഗത്ത് ഇന്ത്യയുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടി. ഇതുകൂടാതെ രാജ്യത്ത് ആഭ്യന്തര കലഹവും അതിരൂക്ഷം. ഇതിന് പുറമെ ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്കും. ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് പിന്നാലെ കടുത്ത തലവേദനയിലേക്കാണ് പാക്കിസ്ഥാൻ പോകുന്നത്
ഓപറേഷൻ സിന്ദൂറിന് പകരമായി ബുധനാഴ്ച രാത്രി പാക്കിസ്ഥാൻ ഇന്ത്യയുടെ 15 നഗരങ്ങൾ ലക്ഷ്യമിട്ട് ആക്രമണശ്രമം നടത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച പകൽ തന്നെ ഇതിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ലാഹോറിലും കറാച്ചിയിലും റാവൽപിണ്ടിയിലും സ്‌ഫോടന പരമ്പരകൾ നടന്നു.
വ്യാഴാഴ്ച രാത്രിയോടെ പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് കനത്ത ആക്രമണമാണ് നടത്തിയത്. ഡ്രോണുകൾക്ക് പുറമെ മിസൈലുകളും വർഷിച്ചു. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഇതിനെയൊക്കെ ചെറുത്തതോടെ പാക്കിസ്ഥാന്റെ സൈനിക ശേഷിയും ചോദ്യചിഹ്നത്തിലായി. അഞ്ച് പാക് വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടതായാണ് റിപ്പോർട്ട് രണ്ട് പാക് പൈലറ്റുമാർ ഇന്ത്യൻ പിടിയിലായതായും വിവരമുണ്ട്.
പാക് പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് വരെ സ്‌ഫോടനം നടന്നു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഔദ്യോഗിക വസതിയിൽ നിന്നും രക്ഷപ്പെട്ട് ബങ്കറിൽ അഭയം തേടിയതായും വാർത്ത വന്നു. ഇതിനിടെ പാക് സൈനിക മേധാവി അസിം മുനീറിനെ തടവിലാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇതിനിടയിലാണ് ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം. നിലവിലെ സാഹചര്യം മുതലെടുത്ത് പാക്കിസ്ഥാനിനുള്ളിൽ തന്നെ ബിഎൽഎ പാക് സൈന്യത്തിനെതിരായ ആക്രമണം ശക്തമാക്കുകയാണ്. ക്വറ്റയുടെ നിയന്ത്രണം ബിഎൽഎ ഏറ്റെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.