ഉന്നതതല യോഗം വിളിച്ച് പ്രതിരോധ മന്ത്രി, ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ; പാക് പൈലറ്റ് രാജസ്ഥാനിൽ പിടിയിൽ

ഇന്നലെ രാത്രി മുതൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി പ്രതിരോധിച്ച് കനത്ത തിരിച്ചടി നൽകിയതിന് പിന്നാലെ ഡൽഹിയിൽ നിർണായക നീക്കം. തുടർ നടപടികൾ വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ തലവൻമാരും യോഗത്തിൽ പങ്കെടുക്കും
അതിർത്തിയിലെ സാഹചര്യം യോഗം വിലയിരുത്തും. പ്രത്യാക്രമണത്തിന്റെ വിവരങ്ങളും ചർച്ചയാകും. ജമ്മുവിലെ ആക്രമണവും ഇതിനെ പ്രതിരോധിച്ച കാര്യങ്ങളും പരിശോധിക്കും. നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം തുടരുകയാണ്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്
അതേസമയം പാക്കിസ്ഥാനി പൈലറ്റ് ഇന്ത്യയിൽ പിടിയിലായെന്ന വിവരവും വരുന്നുണ്ട്. രാജസ്ഥാനിൽ വെച്ചാണ് പാക് പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തത്. പാക്കിസ്ഥാൻ അതിർത്തി കടന്ന് ആക്രമണം നടത്തിയെന്ന് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യക്ക് ഇതോടെ തെളിയിക്കാനാകും.