ഓപറേഷൻ സിന്ദൂർ: പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഓപറേഷൻ സിന്ദൂർ സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ, വെടിനിർത്തൽ തുടങ്ങിയവയെ കുറിച്ച് മോദി സംസാരിക്കും
ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ അടക്കം ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്
പഹൽഗാം ആക്രമണത്തിന് പിന്നാലെ അനുനയ ചർച്ചകൾക്കും മറ്റുമായി ആരും ഇന്ത്യയിലേക്ക് വരേണ്ടതില്ല എന്ന നിലപാടാണ് രാജ്യം സ്വീകരിച്ചിരുന്നത്. ഭീകരർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന സന്ദേശവും ചർച്ചകൾക്ക് ശ്രമിച്ച എല്ലാ രാജ്യങ്ങൾക്കും നൽകിയിരുന്നു. എന്നാൽ വെടിനിർത്തൽ തീരുമാനം കേന്ദ്രം ഔദ്യോഗികമായി അറിയിക്കുന്നതിന് മുന്നേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡോ ട്രംപ് പ്രഖ്യാപിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.