പത്ത് വയസ്സുകാരനെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞു: അമ്മയുടെ കാമുകൻ അറസ്റ്റിൽ

ഗുവാഹത്തി: അസമിൽ പത്ത് വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മൃൺമോയ് ബർമയെയാണ് അമ്മയുടെ കാമുകനായ ജിതുമോണി ഹലോയി കൊലപ്പെടുത്തിയത്. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ശനിയാഴ്ച്ച ട്യൂഷന് പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
തുടർന്ന് കുട്ടിയുടെ മാതാവ് ദിപാലി പൊലീസിന് പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിനുള്ളിൽ സ്യൂട്ട് കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തുണ്ടായിരുന്നു. അമ്മയുടെ കാമുകനെ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ കൊലപാതകകാരണം വ്യക്തമല്ല.
പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ കുട്ടിയുടെ അമ്മ ദിപാലിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത് മുൻകൂട്ടിയുള്ള പദ്ധതി പ്രകാരമാണോ എന്നും പൊലീസിന് സംശയമുണ്ട്. ഇവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഭർത്താവുമായി ഏറെ നാളുകളായി വേർപിരിഞ്ഞു കഴിയുകയാണ് ദിപാലി. തുടർന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ താൽക്കാലികമായി പ്യൂണ്‍ ആയി ജോലി ചെയ്യുന്ന ജിതുമോണി ഹലോയിയുമായി ദിപാലി പ്രണയത്തിലാകുകയായിരുന്നു.