National

യുവതിയെ കാണാതായ കേസില്‍ പൊലീസ് പീഡനം ഭയന്ന് യുവാവ് ജീവനൊടുക്കി; യുവതിയെ മറ്റൊരാളോടൊപ്പം കണ്ടെത്തി

ഗുരുഗ്രാം: ഉത്തര്‍പ്രദേശില്‍ ഒരു കിഡ്‌നാപ്പിംഗ് കേസ് അന്വേഷണം അവസാനിച്ചത് നിരപരാധിയായ യുവാവിന്റെ ആത്മഹത്യയില്‍. ഇരുപതുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അന്വേഷണം നേരിട്ട യുവാവ് പൊലീസ് പീഡനം ഭയന്ന് ജീവനൊടുക്കുകയായിരുന്നു. മെയ് ഏഴിനായിരുന്നു സംഭവം. യുവതി മറ്റൊരാളെ വിവാഹം ചെയ്തതായി പിന്നീട് പൊലീസ് കണ്ടെത്തി. ഗുരുഗ്രാമിലെ ഒരു സിഎന്‍ജി പമ്പിലെ ജീവനക്കാരനായ അര്‍ജുന്‍ സിംഗാണ് പൊലീസിനെ പേടിച്ച് ജീവനൊടുക്കിയത്.

ദിലാവരി ദേവി കോളേജിലെ ബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന കുംകുമിനെ മെയ് 2 മുതല്‍ കാണാതായിരുന്നു. ഇവര്‍ കോളേജിലേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. മകളെ കാണാനില്ലെന്ന് കാട്ടി കുംകുമിന്റെ പിതാവ് സുരേന്ദ്ര ലോധി അര്‍ജുനെതിരെ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നിരന്തരം അര്‍ജുന്റെ വീട്ടില്‍ പരിശോധന നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ചോദ്യംചെയ്യലില്‍ പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുമെന്ന ഭയംകൊണ്ടാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തതെന്ന് സഹോദരി പറഞ്ഞു. പൊലീസ് തേടിവന്നതോടെ ഭയപ്പെട്ട അര്‍ജുന്‍ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നെന്നും കുംകുമിന്റെ തിരോധാനത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് അവന്‍ നിരന്തരം പറഞ്ഞിരുന്നെന്നും അര്‍ജുന്റെ ബന്ധു വീരേന്ദ്ര പറഞ്ഞു. എന്നാല്‍ കുംകും അവരുടെ കാമുകനായ മോഹിതിനൊപ്പമാണ് പോയതെന്നും ഇരുവരും കോടതിയില്‍ വെച്ച് വിവാഹിതരായെന്നും പിന്നീട് കണ്ടെത്തി.

കുംകുമിനായി പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് ബുലന്ദ്ഷഹര്‍ എഎസ്പി റിജുല്‍ കുമാര്‍ പറഞ്ഞു. കുംകുമിന്റെ മൊഴി കേസില്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ മരണത്തില്‍ പ്രേരണാക്കുറ്റം ആരോപിച്ച് അര്‍ജുന്റെ പിതാവ് കുംകുമിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!