കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണവിധേയം; ദൗത്യം നീണ്ടത് ആറ് മണിക്കൂർ

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വൻ തീപിടുത്തം നിയന്ത്രണവിധേയം. ആറ് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ദൗത്യത്തിൽ പാളിച്ചയില്ലെന്നും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ബസ് സ്റ്റാൻഡ് ഗോഡൗണിലെ തുണി ഗോഡൗണിലെ തീ ഇപ്പോഴും പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. ദൗത്യം തുടരുമെന്ന് മന്ത്രി അറിയിച്ചു.
ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ പൊളിച്ച സ്ഥലത്ത് ഫയർഫോഴ്‌സ് ഫോമിങ് നടത്തി. ക്രെയിനിൽ കയറിയും വെള്ളം പമ്പ് ചെയ്ത് തീയണക്കാനുള്ള ശ്രമവും നടന്നിരുന്നു. കോഴിക്കോട് ജില്ലയിലെയും സമീപ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.
വൈകിട്ട് 4.50നാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിന്റെ ഗോഡൗൺ അടക്കം കത്തിനശിച്ചു. സ്‌കൂൾ തുറക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു.