കല്യാണിയെ കൊന്നത് ആസൂത്രിതമായി; കുട്ടിയുമായി സന്ധ്യ ആലുവ മണപ്പുറത്തും എത്തി

എറണാകുളം ആലുവയിൽ മൂന്ന് വയസുകാരി കല്യാണിയെ അമ്മ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പോലീസ്. കല്യാണിയുമായി സന്ധ്യ ആലുവ മണപ്പുറത്തും എത്തിയിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർമാർ ചോദ്യം ചെയ്തതോടെ ഇവിടെ നിന്ന് മടങ്ങുകയായിരുന്നു. പിന്നീടാണ് മൂഴിക്കുളത്ത് എത്തി സന്ധ്യ കുട്ടിയെ പാലത്തിൽ നിന്നും പുഴയിലെറിഞ്ഞ് കൊന്നത്.
അതേസമയം കുട്ടിയെ കൊന്നതാണെന്ന് സന്ധ്യ സമ്മതിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വിട്ടുപറയുന്നില്ല. കൊലപാതകത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. സന്ധ്യയുടെ അടുത്ത ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. കുടുംബപ്രശ്നങ്ങളെ തുടർന്ന് മുമ്പ് പോലീസിൽ നൽകിയ പരാതികളും വിശദമായി അന്വേഷിക്കും
ബസ് യാത്രക്കിടെ കുട്ടിയെ കാണാതായെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിൽ എറിഞ്ഞു കൊന്നുവെന്ന് വെളിപ്പെടുത്തിയത്. കുട്ടിയെ അങ്കണവാടിയിൽ നിന്ന് സന്ധ്യ കൂട്ടിക്കൊണ്ടു പോയ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.