ഭർത്താവിനെ കൊലപ്പെടുത്തി വിദ്യാർഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ

മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലുകയും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിക്കുകയും ചെയ്ത യുവതി പിടിയിൽ. നാഗ്പൂരിലാണ് സംഭവം. നാഗ്പൂർ യവത്മാളിലെ സൺറൈസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളായ നിധി ദേശ്മുഖാണ്(24) പിടിയിലായത്.
ഇതേ സ്കൂളിലെ അധ്യാപകനായ ശന്തനു ദേശ്മുഖാണ്(32) കൊല്ലപ്പെട്ടത്. നിധി കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹം കത്തിക്കാനായി ഇവരെ സഹായിച്ച വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 15ാം തീയതിയാണ് ചൗസാല വനമേഖലയിൽ നിന്ന് തിരിച്ചറിയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്
വിദഗ്ധ പരിശോധനയിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിധി പിടിയിലായത്. ശന്തനു അമിത മദ്യപാനിയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വസ്ഥയായിരുന്ന നിധി 13ന് രാത്രിയാണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം ഉപേക്ഷിക്കാൻ മൂന്ന് വിദ്യാർഥികളുടെ സഹായം തേടുകയായിരുന്നു.