Kerala

മഴ ശക്തമാകുന്നു: ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി, ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ, ജില്ലാ കലക്ടർമാരുടെ അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചേരുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കൻ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കാസർകോഡ് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ട്. മൺസൂൺ നേരത്തെ എത്തുന്നു എന്ന സൂചന ലഭിച്ചതായും കെ. രാജൻ കൂട്ടിച്ചേർത്തു.

നല്ല മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നതിനാൽ, അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് രാവിലെ 20 സെന്റിമീറ്റർ വീതം ഉയർത്താൻ തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ ജാഗ്രതയോടെ എല്ലാ അണക്കെട്ടുകൾക്കും ഡാമുകൾക്കും റൂൾ കർവ് കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

അതത് സമയങ്ങളിൽ വെള്ളം തുറന്നുവിടാൻ ആവശ്യമായ നടപടിക്രമങ്ങൾ വേണമെന്നും മന്ത്രി നിർദേശിച്ചു. ഒരേ സ്ഥലത്ത് കനത്ത മഴയുണ്ടാകുന്നത് വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാൽ വടക്കൻ കേരളത്തിലേക്കും ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. കാറ്റുണ്ടെങ്കിൽ സുരക്ഷിതമായ ഇടത്ത് തുടരാൻ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!