ചെറുപുഴയിൽ 8 വയസുകാരിയെ അച്ഛൻ മർദിച്ച സംഭവം; കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

ചെറുപുഴയിൽ എട്ട് വയസുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സർക്കാർ ഇടപെട്ടതിന് പിന്നാലെ കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി. എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളെയും കൗൺസിലിംഗിന് വിധേയരാക്കാനും തീരുമാനിച്ചു. മന്ത്രി വീണ ജോർജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് തീരുമാനം
കുട്ടികൾ നിലവിലുള്ളത് കുടകിൽ അച്ഛന്റെ സഹോദരിയുടെ വീട്ടിലാണ്. ഇവരെ ഇവിടെ നിന്നും ചെറുപുഴയിൽ ത്തെിക്കും. പോലീസ് നടപടികൾക്ക് ശേഷം കുട്ടികളെ സിഡബ്ല്യുസി ഏറ്റെടുക്കും. വിശദമായി പഠിച്ച ശേഷം മാത്രമേ കുട്ടികളെ അമ്മയ്ക്ക് വിട്ടുകൊടുക്കണോ എന്നത് തീരുമാനിക്കുകയുള്ളു.
എട്ട് വയസുകാരിയെ അച്ഛൻ മർദിക്കുന്നത് മുമ്പ് തന്നെ ശ്രദ്ധയിൽപ്പെട്ടതായി കുട്ടിയുടെ അമ്മയുടെ സഹോദരി അനിത പ്രതികരിച്ചു. അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടികളെ അച്ഛൻ വന്ന് കൂട്ടിക്കൊണ്ടു പോയതാണ്. കുട്ടികളുടെ അമ്മയെയും യുവാവ് മർദിക്കാറുണ്ടെന്ന് അനിത പറഞ്ഞു