‘ഓപ്പറേഷൻ സിന്ദൂർ’ വെറുമൊരു സൈനിക ദൗത്യമല്ല; മാറുന്ന ഇന്ത്യയുടെ പ്രതിഫലനം: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: “ഓപ്പറേഷൻ സിന്ദൂർ” വെറുമൊരു സൈനിക ദൗത്യം മാത്രമല്ലെന്നും, അത് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെയും ശേഷിയുടെയും പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’ പ്രസംഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
രാജ്യത്തിന്റെ സൈനിക ശക്തിയിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും, ‘ഓപ്പറേഷൻ സിന്ദൂരിൽ’ നമ്മുടെ സൈന്യം കാണിച്ച ധീരത അഭിനന്ദനാർഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ തുടച്ചുനീക്കുക എന്നത് ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ രൗദ്രഭാവത്തെയാണ് കാണിക്കുന്നതെന്നും, സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി നമ്മൾ മാറ്റിമറിച്ചുവെന്നും മോദി പറഞ്ഞു. ഇത് നീതിയുടെ ഒരു പുതിയ രൂപമാണെന്നും, ഭീകരരുടെ ഹൃദയത്തിൽ തന്നെ പ്രഹരമേൽപ്പിക്കാൻ ആദ്യമായി രാജ്യത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൻ കി ബാത്തിന്റെ 122-ാമത് എപ്പിസോഡിലാണ് പ്രധാനമന്ത്രി ഈ വിഷയങ്ങൾ സംസാരിച്ചത്. രാജ്യത്തിന്റെ സുരക്ഷാ മേഖലയിലെ വർദ്ധിച്ചുവരുന്ന ശക്തിയും, ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ഉറച്ച നിലപാടും ഈ വാക്കുകളിലൂടെ പ്രധാനമന്ത്രി അടിവരയിട്ടു.