വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ (25) തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിനുള്ളിലെ ശുചിമുറിയിൽ വെച്ച് മുണ്ട് കഴുത്തിൽ മുറുക്കി തൂങ്ങാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഉടൻ തന്നെ ജയിൽ അധികൃതർ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്.
നിലവിൽ അഫാൻ വെന്റിലേറ്ററിലാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്.
മാതാവ് ഷെമിയെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു അഫാൻ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പൊലീസിൽ കീഴടങ്ങുകയുമായിരുന്നു. അഫാന്റെ മാതാവ് ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം രക്ഷപ്പെട്ടു.