സംസ്ഥാനത്ത് വ്യാപക മഴ: ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട്, പുഴകൾ കരകവിഞ്ഞൊഴുകുന്നു

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്.
കനത്ത മഴ കണക്കിലെടുത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
മഴ ശക്തമായതോടെ വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഇരുവഴിഞ്ഞി പുഴയിൽ വെള്ളം ഉയർന്നു. കാരശ്ശേരി കുമാരനല്ലൂർ ഗ്രൗണ്ടിൽ വെള്ളം കയറി
ഇടുക്കിയിൽ അടിമാലി-കുമളി ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി. കല്ലാർകുട്ടി ഡാമിന് സമീപത്താണ് മരം കടപുഴകി വീണത്. അഗ്നിരക്ഷാ സേന മരം മുറിച്ചുമാറ്റി.
വയനാട് സുൽത്താൻബത്തേരി കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിലെ കുടുംബങ്ങളെ കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. 17 പേരെയാണ് മാറ്റിയത്. മുത്തങ്ങ മന്മഥമൂല റോഡിൽ വെള്ളം കയറി. കോട്ടയത്തും കനത്ത മഴയാണ് തുടരുന്നത്.