പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താനും നിലമ്പൂരിൽ ജയിക്കും: പിവി അൻവർ

പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ. പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ട് വാങ്ങാൻ സിപിഎം തയ്യാറായിക്കഴിഞ്ഞു. ആശയമില്ലാതെ ആമാശയം മാത്രമായി സിപിഎം ചുരുങ്ങിയെന്നും അൻവർ പരിഹസിച്ചു.
അതിനിടെ നിലമ്പൂർ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഐക്കമാൻഡ് തീരുമാനം എടുക്കുക. ആരെ സ്ഥാനാർഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പി വി അൻവർ മുതൽക്കൂട്ടാണ്. മലയോര കർഷകരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനല്ല ആര് സ്ഥാനാർഥി ആയാലും പിതാവുമായി വൈകാരിക ബന്ധമുള്ള ഭൂമിയാണ് നിലമ്പൂരിലേത്. വി വി പ്രകാശിന്റെ ഓർമ്മകളുള്ള മണ്ണാണ്.അതെല്ലാം ഉപതിരഞ്ഞെടുപ്പിൽ ഓർമ്മിക്കപ്പെടുമെന്നും ഷൗക്കത്ത് വ്യക്തമാക്കി.