
മസ്കറ്റ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒമാനിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു സന്ദർശനം.
സന്ദർശനത്തിനിടെ ഷെയ്ഖ് ഹംദാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
യുഎഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. വിവിധ വികസന മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കൂടിക്കാഴ്ച സഹായകമായി.