വിവാദങ്ങൾക്ക് വിരാമം; കമൽ ഹാസന്റെ ‘തഗ് ലൈഫ്’ ചിത്രത്തിലെ ചുംബന രംഗം നീക്കം ചെയ്തതായി റിപ്പോർട്ട്

മണിരത്നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫി’ന്റെ ട്രെയിലറിൽ ഉൾപ്പെടുത്തിയിരുന്ന ചുംബന രംഗം ചിത്രത്തിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. നടി അഭിരാമിയുമായുള്ള കമൽ ഹാസന്റെ ചുംബന രംഗം വലിയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് സൂചന.
ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ, 70 വയസ്സുകാരനായ കമൽ ഹാസൻ 41 വയസ്സുകാരിയായ അഭിരാമിയുമായി ചുംബന രംഗത്തിൽ അഭിനയിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും വിമർശനങ്ങൾ. ഈ വിവാദങ്ങളെ തുടർന്നാണ് മണിരത്നം ഈ രംഗം സിനിമയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ, 25 വർഷം മുൻപ് പുറത്തിറങ്ങിയ കമൽ ഹാസന്റെ തന്നെ ‘ഹേ റാം’ എന്ന ചിത്രത്തിൽ റാണി മുഖർജിയുമായുള്ള ചുംബന രംഗവും സമാനമായ രീതിയിൽ ചർച്ചയായിരുന്നു. അന്ന് റാണിക്ക് 23 വയസ്സ് കുറവായിരുന്നു.
ജൂൺ 5-ന് റിലീസ് ചെയ്യാനിരിക്കുന്ന ‘തഗ് ലൈഫ്’ കമൽ ഹാസനും മണിരത്നവും 38 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ്. സിനിമയുടെ റിലീസിനായി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്.