അഹമ്മദാബാദ് വിമാന ദുരന്തം: ‘വാക്കുകൾക്കതീതമായ വേദന; രാജ്യം മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം’; അമിത് ഷാ

അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “വാക്കുകൾക്കതീതമായ വേദനയാണ് ഈ ദുരന്തം നൽകുന്നത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം രാജ്യം മുഴുവൻ നിലകൊള്ളുന്നു,” അമിത് ഷാ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുൾപ്പെടെ 242 പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.
അമിത് ഷാ അപകടസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് സ്ഥിതിഗതികൾ ആരാഞ്ഞു. ഡിഎൻഎ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്, ഇത് അപകടത്തിന്റെ കാരണം കണ്ടെത്താൻ നിർണായകമാകും.