Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 37

[ad_1]

രചന: റിൻസി പ്രിൻസ്

നാട്ടിലെത്തിയപ്പോൾ തന്നെ സുധി മീരയെ വിളിച്ചു പറഞ്ഞിരുന്നു.  ഒരു വലിയ സന്തോഷം അവളിൽ നിറഞ്ഞിരുന്നു.  അവൾ മാധവിയോടും കാര്യം പറഞ്ഞു,  സുധി എത്തിയെന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം മാധവിയിലും നിറഞ്ഞു നിന്നിരുന്നു. 

വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ പഴയതുപോലെ തന്നെ സുധിയെ സ്വീകരിക്കാൻ എല്ലാവരും കാത്തു നിൽക്കുകയാണ്.  കൊണ്ടുവന്ന പെട്ടിയുടെ എണ്ണം കുറഞ്ഞപ്പോൾ തന്നെ സതിയുടെയും സുഗന്ധിയുടെയും മുഖത്ത് നീരസം ഉടലെടുത്തിരുന്നു. സുഗന്ധിയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയിരുന്നു അജയൻ..

” ഇതെന്താ അളിയാ ഈ വട്ടം കുപ്പി ഒന്നുമില്ലേ..?

 ചെറു ചിരിയോടെ തമാശയുടെ മേമ്പടിയോടെ തിരക്കി അജയൻ…

” അതൊക്കെ ആവശ്യത്തിന് എടുത്തിട്ടുണ്ട് അളിയാ, പിന്നെ ഒരുപാട് സാധനങ്ങൾ ഒന്നും കൊണ്ടുവന്നില്ല,  കൊണ്ടുവന്നാൽ പണം ചെലവാകും,  ഇനിയിപ്പോ ഒരു രണ്ടുമാസത്തെ ലീവ് ഉണ്ട്.  അതിനിടയ്ക്ക് പണം ആവശ്യമാണല്ലോ, അതുകൊണ്ട് ഒരുപാട് ഒന്നും വാങ്ങിയില്ല. അത് പറഞ്ഞപ്പോൾ തന്നെ സതിയുടെയും സുഗന്ധിയുടെയും മുഖം ഇരുണ്ടിയിരുന്നു,

 എന്നാൽ വരുമ്പോൾ തന്നെ അവനോട് ദുർമുഖം കാണിക്കുന്നത് ശരിയല്ല എന്നതുകൊണ്ട് ഒന്നും പറഞ്ഞില്ല.  അത്യാവിശ്യം കുറച്ച് സാധനങ്ങൾ മാത്രമായിരുന്നു സുധി കൊണ്ടുവന്നിരുന്നത്.  കൂടുതലും കുഞ്ഞി പെണ്ണിന് ഉള്ള സാധനങ്ങൾ ആയിരുന്നു.  അവൾ വീണ്ടും സുധിയെ മറന്നു തുടങ്ങിയിരുന്നു, എങ്കിലും കളിപ്പാട്ടവും മിഠായിയും ഒക്കെ കിട്ടിയപ്പോഴേക്കും അവൾക്ക് വീണ്ടും അവനോട് ഒരു അടുപ്പം തോന്നിത്തുടങ്ങി. കുഞ്ഞി പെണ്ണിന് കൂടുതൽ സാധനങ്ങൾ കൊണ്ടുവന്നത്  രമ്യയ്ക്ക് ഒരുപാട് സന്തോഷം ആയി. അവൾ വീണ്ടും സുധിയെ മറന്നു കഴിഞ്ഞിരുന്നു, എന്നാൽ മിഠായിയും കളിപ്പാട്ടവും ഒക്കെ കണ്ടപ്പോഴേക്കും വീണ്ടും ഒരു ചെറിയ പുഞ്ചിരി ഒക്കെ ചുണ്ടിൽ വിടർന്നു.

” ഒരുക്കങ്ങളൊക്കെ എന്തായി അമ്മേ…?

കസേരയിലേക്ക് ഇരുന്നുകൊണ്ട് പതിയ ചോദിച്ചിരുന്നു,  താൽപര്യമില്ലെങ്കിലും കാര്യങ്ങളൊക്കെ വിശദീകരിച്ചു തന്നെ പറഞ്ഞിരുന്നു സതി. വീട് ഒക്കെ ഒന്ന് മിനുങ്ങിയിട്ടുണ്ട് എന്ന് തോന്നിയിരുന്നു സുധിയ്ക്ക്. ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് വൈകുന്നേരം ആണ് വാങ്ങിയ സാധനങ്ങളൊക്കെ കാണാനായി സുധി എത്തിയിരുന്നത്, കല്യാണ സാരി അവന് ഇഷ്ടമായിരുന്നു.  അത് രമ്യയാണ് എടുത്തത് എന്ന് അറിഞ്ഞപ്പോൾ ആ സെലക്ഷൻ സൂപ്പർ ആണ് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖവും തെളിഞ്ഞിരുന്നു. താലിമാല ചോദിച്ചപ്പോൾ സതിയിൽ ഒരു പരുങ്ങൽ നിറഞ്ഞിരുന്നു,

”  സുഗന്ധി അതിങ്ങ് എടുക്ക്….

 അല്പം പരിഭ്രാന്തിയോടെയാണ് സതി പറഞ്ഞിരുന്നത്,

സുഗന്ധി കൊണ്ട് കയ്യിൽ കൊടുത്ത ബോക്സ് തുറന്നു നോക്കിയപ്പോൾ തന്നെ അവന്റെ മുഖം മങ്ങിയിരുന്നു.

”  ഇതെന്താ അമ്മേ ഇത് ഒട്ടും ഇല്ലല്ലോ,  ഇത് മൂന്നര പവൻ ഇല്ലേ…?

”  മൂന്നര പവന്റെത് നല്ലതൊന്നും ഉണ്ടായിരുന്നില്ല, എല്ലാം ഒരുമാതിരി വല്ലാത്തത്. നീളവും കുറവാണ്, ഇത് 3 കാണും, പൊലിമ ഉള്ളത് നോക്കി എടുത്തത് ആണ് ..

അല്പം പരിഭ്രമത്തോടെയാണ് സതി പറഞ്ഞത്,

”  മൂന്നോ…?  ഇതോ…? ഇത് കഷ്ടിച്ചൊരു രണ്ടര കാണും,

 കയ്യിലിട്ട് അതൊന്നു തൂക്കി നോക്കി സുധി പറഞ്ഞു.

”  രണ്ടൊന്നുമല്ല അതിൽ കൂടുതൽ കാണും…

സതി വിയർക്കാൻ തുടങ്ങിയിരുന്നു..

”  സ്വർണ്ണം എടുത്ത ബില്ലിംഗ് എടുത്തേ…നമുക്ക് ഇപ്പോൾ തന്നെ നോക്കാം,

 സുധി അത് പറഞ്ഞപ്പോൾ സതി ശരിക്കും ഞെട്ടിപ്പോയിരുന്നു. ആ നിമിഷം രമ്യ വിജയഗർവോടെ സതിയുടെ മുഖത്തേക്ക് നോക്കിയിരുന്നു,

” അത് പിന്നെ… സുഗന്ധി,  നിന്റെ കവറിൽ ആയിരുന്നില്ലേ അന്ന് ആ ബില്ല്,

സുഗന്ധിയോടായി സതി ചോദിച്ചു.

“അ.. അതേ വീട്ടിൽ എവിടെയോ ഇരിപ്പുണ്ടെന്ന് തോന്നുന്നു ചേട്ടാ,  ഞാൻ അന്ന് കവർ മാറി അത് കൊണ്ടുപോയിരുന്നു.

 ന്യായീകരണം പോലെ സുഗന്ധി പറഞ്ഞു.

” എവിടുന്നാ എടുത്തത്..? നമുക്ക് കയ്യോടെ കടയിൽ പോയിട്ട് കൊടുക്കാം, ഇത് മൂന്നോന്നുമില്ല, നിങ്ങളെ പറ്റിച്ചതാണ്…

സുധി പറഞ്ഞു…

” എടാ മോനെ അതെ എന്താണെന്ന് വെച്ചാൽ ഈ മാല എടുക്കാൻ പോയപ്പോൾ കുഞ്ഞുമോൾക്ക് ഒരു വള ഇഷ്ടമായി. അത് വേണമെന്ന് പറഞ്ഞ് ഒരേ വഴക്ക്, ഞങ്ങളുടെ കൈയിൽ പണവും വേറെ ഒന്നും ഉണ്ടായിരുന്നില്ല, കൊച്ചു കുട്ടിയല്ലേ അവൾ അവിടെ കിടന്നു ഭയങ്കര കരച്ചിൽ. പിന്നെ എന്താ ചെയ്യാ അപ്പൊൾ ഞാനാ പറഞ്ഞത് രണ്ടേകാലിന്റെ ഒരു മാല വാങ്ങാം,  എന്നിട്ട് ആ മാല ഞാൻ എടുത്തിട്ട്,  നീ എനിക്ക് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ തന്ന മൂന്ന് പവന്റെ മാലാ താലിമാലയായിട്ട് മാറ്റിവയ്ക്കാം എന്ന്,

പെട്ടെന്ന് ഒരു കള്ളം പറഞ്ഞിരുന്നു സതി.

”  അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് അന്നേരം തന്നെ എന്നെ വിളിച്ചു പറയാന്‍ വയ്യായിരുന്നോ… പണം ഞാൻ സെറ്റ് ചെയ്തു തന്നേനല്ലോ, ഒരു വള മേടിക്കാൻ ഇത്രയ്ക്ക് ഇത്ര പണം പോരേ? അതിന് താലിമാലയിൽ നിന്ന് തന്നെ കുറയ്ക്കാന്ന് പറഞ്ഞാൽ അത് മോശമല്ലേ…?

 സുധി അങ്ങനെ പറഞ്ഞപ്പോൾ സതി വല്ലാതെ ആയിപ്പോയിരുന്നു.

”  സാരമില്ല..! ഈ മാല ഞാനിട്ടോളാം,  എന്റെ മാല ഞാൻ അങ്ങനെ ഇടുന്നുണ്ടായിരുന്നില്ല.  താലിമാലയായിട്ട് ആ മാല മണ്ഡപത്തിൽ വച്ചാൽ മതി,  അതിന് നല്ല പൊലിമയുണ്ട്. നല്ല നിറവുമുണ്ട്, ഇവിടുന്ന് പോയതിനുശേഷം ഞാനതിട്ടിട്ടില്ല.

സുധി പറഞ്ഞപ്പോൾ സതിയുടെ നെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെയാണ് തോന്നിയത്.

”  ഏത് കഴിഞ്ഞപ്രാവശ്യം നിന്റെ കഴുത്തിൽ കിടന്ന അഞ്ചു പവന്റെ മാലയോ..?

”  അതെ… അതുതന്നെ വയ്ക്കാം,  അതാവുമ്പോൾ കുറച്ച് പൊലിമയുണ്ടല്ലോ,  സുധിയുടെ തീരുമാനം കേട്ട് സുഗന്ധിയും സതിയും പരസ്പരം നോക്കി,

” താലി പണിയിപ്പിക്കേണ്ട ഏട്ടാ..?  അത് ഏട്ടൻ വന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കട്ടെ എന്ന് കരുതിയിട്ടാ ഞങ്ങൾ വാങ്ങാതിരുന്നത്,

 രമ്യ സതിക്ക് ഒരു അടി കിട്ടിയതിന്റെ സന്തോഷത്തിൽ സമാധാനപൂർവ്വം അവനോട് പറഞ്ഞു.

” താലി  ഒരു അരപ്പവൻ വാങ്ങണം രമ്യ, അത് ഞാൻ വിനോദിനോട് പറഞ്ഞിട്ടുണ്ട്.  അവനത് ശരിയാക്കിത്തരാന്നാ പറഞ്ഞത്,  ഈ മാല ഞാനിട്ടോളാം..

 അതും പറഞ്ഞ് മാലയുമായി അവൻ അകത്തേക്ക് പോയപ്പോൾ സുഗന്ധിയും പരസ്പരം നോക്കി.  രമ്യ കുഞ്ഞിനെയും എടുത്ത് അകത്തേക്ക് പിൻവാങ്ങിയിരുന്നു,

 സുഗന്ധിയുടെ മുഖത്തേക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ നോക്കുകയാണ് സതി.

” അമ്മയോട് ഞാൻ നല്ല കാര്യം പറഞ്ഞതല്ലേ ഒരു മൂന്ന് പവന്റെ മാല  വാങ്ങാൻ, അങ്ങനെയായിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു,  ഇതിപ്പോ നമ്മൾ രമ്യയുടെ മുന്നിൽ നാണംകെടുകയും ചെയ്തു.  മറ്റവൾക്കാണെങ്കിൽ രണ്ടു പവനും കൂടി കൂടുതൽ കിട്ടുകയും ചെയ്തു.

സുഗന്ധി പറഞ്ഞു…

” ഞാനും അതാണ് ഓർക്കുന്നത്.  അതിന്റെ ആവശ്യമുണ്ടായിരുന്നുള്ളൂ,  ആ മൂന്നിന്റെ മാല എടുക്കായിരുന്നെങ്കിൽ അത് അവൾക്ക് പോകുമായിരുന്നുള്ളൂ,  ഇതിപ്പോൾ അവന്റെ ആ 5 പവന്റെ മാല അവിടുത്തെ സ്വർണ്ണമാണ്. നീ കണ്ടില്ലല്ലോ,  അത് എന്തൊരു തിളക്കം ആയിരുന്നെന്നോ, ഞാൻ ഒരുപാട് ആഗ്രഹിച്ചതായിരുന്നു അത്.  അന്ന് അവൻ എന്നോട് അത് എടുത്തോളാൻ പറഞ്ഞത് ആണ് ഞാൻ വേണ്ടെന്ന് പറഞ്ഞു, അന്ന് വാങ്ങിയാൽ മതിയായിരുന്നു, ഇതിപ്പോൾ ആ ദാരിദ്രവാസി പെണ്ണിന് പോവല്ലോ എന്നോർക്കുമ്പോൾ എനിക്കൊരു സമാധാനവുമില്ല.

സതി വിഷമത്തോടെ പറഞ്ഞു.

”  ഒന്നൂടെ ഒന്ന് പറഞ്ഞു നോക്കിയാലോ.

 സുഗന്ധി സതിയോട് ചോദിച്ചു.

”  വേണ്ട അവന് സംശയം തോന്നും,  പതുക്കെ നമുക്കത് വാങ്ങാം.  ഏതായാലും ആ മാലയിട്ടു അവളെ ഞാൻ ഇവിടെ വാഴിപ്പിക്കില്ല.  സുഗന്ധി പറഞ്ഞിരുന്നു.

വീട്ടിൽ വന്നതിനു ശേഷം മീരയോടൊന്നു സംസാരിക്കാൻ പോലും ശരിക്ക് സമയം സുധിക്കുണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങൾക്കും അവൻ തന്നെയാണ് ഓടി നടന്നിരുന്നത്.  ഇതിനിടയിൽ വിളിച്ച് എന്തെങ്കിലും ഒന്ന് പറഞ്ഞു വെക്കുമെന്നേ ഉണ്ടായിരുന്നുള്ളൂ.  ഒന്ന് കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.  പക്ഷേ എങ്ങനെ പറയും എന്നതുകൊണ്ട് അവൾ പറഞ്ഞില്ല. എന്നാൽ തന്റെ ആഗ്രഹം മനസ്സിലാക്കി എന്നത് പോലെ അവൻ തന്നെ ആ കാര്യം അവളോട് പറഞ്ഞിരുന്നു.  പിറ്റേദിവസം എപ്പോഴും കാണാറുള്ള അമ്പലത്തിൽ വരുമോ എന്ന് അവൻ ചോദിച്ചപ്പോൾ അവളിലും വല്ലാത്തൊരു സന്തോഷമാണ് ഉടലെടുത്തത്.  പിറ്റേന്ന് രാവിലെ അവനെ കാണാനായി ഒരുങ്ങുമ്പോൾ ഒരു വല്ലാത്ത ഉത്സാഹം ആയിരുന്നു അവളിൽ നിറഞ്ഞു നിന്നിരുന്നത്.  ഒരു വർഷത്തിനു ശേഷം കാണുകയാണ് ഹൃദയം വല്ലാതെ പെരുമ്പറ മുഴുക്കും പോലെ അവൾക്ക് തോന്നിയിരുന്നു,  ഒന്ന് കാണാൻ ഇത്രത്തോളം ഉള്ളം കൊതിക്കുന്നുണ്ടോന്ന് അവൾ അവളോട് തന്നെ ചോദിച്ചിരുന്നു.

 അന്നാദ്യമായി മാധവിയോടെ കള്ളം പറയാതെ സുധിയെ കാണാൻ ആണെന്ന് പറഞ്ഞു തന്നെ അവൾ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു.  തടയാൻ മാധവിക്കും തോന്നിയില്ല. അമ്പലത്തിന്റെ ആൽത്തറയിലെക്ക്  നടന്നപ്പോൾ കണ്ടിരുന്നു പരിചിതമായ ആ കാർ. കാലുകൾക്ക് ധ്രുത വേഗം ചലനം വർധിക്കുന്നതുപോലെ അവൾക്ക് തോന്നി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button