വടകരയിൽ യുവതിയെയും കുഞ്ഞിനെയും ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസിനെയും ആക്രമിച്ച് പ്രതി

വടകര വില്യാപ്പിള്ളിയിൽ 28കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ആശുപത്രിയിലേക്ക് പോകാൻ കയറിയ ഓട്ടോറിക്ഷയിലാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. അതേസമയം അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ പ്രതിയായ ഓട്ടോ ഡ്രൈവർ സജീഷ് കുമാർ മർദിക്കുകയും ചെയ്തു.
വടകര പാർക്കോ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. സജീഷ് ഓട്ടോയുമായി മറ്റൊരു വഴിയിലൂടെയാണ് പോയത്. യുവതി വിവരം തിരക്കിയപ്പോൾ ഗതാഗത കുരുക്ക് ഒഴിവാക്കാനാണെന്നാണ് പറഞ്ഞത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും യഥാർഥ വഴിയിലേക്ക് എത്താതിരുന്നതോടെ യുവതി ബഹളം വെച്ചു.
നാട്ടുകാർ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയ പ്രതി യുവതിയെയും കുഞ്ഞിനെയും ആയഞ്ചേരി ഭാഗത്ത് ഇറക്കി വിട്ടു. പ്രതിയെ പിടികൂടാനായി കണ്ണൂരിലെ വീട്ടിലെത്തിയപ്പോഴായിരുന്നു പോലീസിന് നേരെയുള്ള ആക്രമണം. എസ് ഐയുടെ തലയ്ക്ക് പരുക്കേറ്റു. എഎസ്‌ഐ ഇയാൾ കടിച്ചു പരുക്കേൽപ്പിച്ചു. ഒടുവിൽ ബലം പ്രയോഗിച്ചാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.