39 വർഷം മുമ്പ് നടത്തിയ കൊലപാതകം മാത്രമല്ല, വേറൊരു കൊലയും നടത്തി; പോലീസിനെ ഞെട്ടിച്ച് മുഹമ്മദലി

39 വർഷം മുമ്പ് 14ാം വയസിൽ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തി വന്നയാൾ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൊഴി നൽകി. 1986ൽ തിരുവമ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കൂടരഞ്ഞിയിൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ തോട്ടിൽ തള്ളിയിട്ട് കൊന്നു എന്നായിരുന്നു 54കാരൻ മുഹമ്മദലിയുടെ ആദ്യ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ 1989ലും കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി പറയുന്നത്
കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോട് വന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ആ സമയത്ത് ഒരാൾ തന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ചു. ഇയാൾ വെള്ളയിൽ ബീച്ച് പരിസരത്തുള്ളതായി കുറച്ച് ദിവസങ്ങൾക്ക് ശേഷം സുഹൃത്ത് ബാബു പറഞ്ഞു
രണ്ട് പേരും അങ്ങോട്ട് ചെന്ന് കാര്യം ചോദിച്ച് തർക്കമായി. ബാബു അവനെ തല്ലി താഴെയിട്ടു. മണ്ണിലേക്ക് മുഖം പൂഴ്ത്തിപ്പിടിച്ചു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിഞ്ഞു. ബാബുവിനെ പിന്നീട് കണ്ടിട്ടില്ല. മരിച്ചതാരാണെന്നും അറിയില്ല എന്നും മുഹമ്മദലി പറഞ്ഞു
മുഹമ്മദലിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. അതേസമയം മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും പൊരുത്തപ്പെട്ട് വരുന്നുമുണ്ട്. 1986ലും 1989ലും ഇയാൾ പറഞ്ഞ സ്ഥലത്ത് രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയ വാർത്തകളുമുണ്ട്.