കൊച്ചിയിൽ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

കൊച്ചിയിൽ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കുട്ടികൾ ട്യൂഷന് പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് കാറിലുണ്ടായിരുന്നത്. കൈയ്യിൽ പിടിച്ചു വലിച്ചതോടെ കുട്ടികൾ നിലവിളിക്കുകയും കുതറിയോടുകയും ചെയ്തു. നാട്ടുകാർ ശ്രദ്ധിക്കുമെന്ന് തോന്നിയതോടെ കാറിലെത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് അന്വേഷണം. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുട്ടികൾ വീട്ടിൽ നിന്നിറങ്ങി നടക്കവെ കാർ അടുത്തു കൊണ്ട് വന്ന് നിർത്തുകയും കുട്ടികൾക്ക് പിൻവശത്തിരുന്നയാൾ മിട്ടായി നീട്ടുകയും ചെയ്തു.
ഇളയ കുട്ടി മിട്ടായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതോടെ മിട്ടായി വാങ്ങിയ കുട്ടിയെ ബലമായി കാറിലേക്ക് വലിച്ചു കയറ്റാൻ ശ്രമം നടത്തി. കുട്ടികൾ കരഞ്ഞതോടെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചു കൊണ്ട് കാറിന് സമീപത്തേക്ക് ഓടിയെത്തി. ഈ സമയം ഇവർ കാറിന്റെ ഡോർ അടച്ച് കടന്നു കളയുകയായിരുന്നു.