Kerala
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പോലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സൗബിൻ ഉൾപ്പടെയുള്ളവർ കേസിന്റെ ഭാഗമായി മരട് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ താൻ തയ്യാറാണെന്നും അതിനായി താൻ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പരാതിക്കാരന് പണം മുഴുവൻ താൻ നൽകിയതാണ്. എന്നാൽ ലാഭവിഹിതം നൽകിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നൽകാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരൻ കേസ് കൊടുത്തതെന്നായിരുന്നു സൗബിന്റെ പ്രതികരണം.