ദേശീയപണിമുടക്ക് കേരളത്തെയും സാരമായി ബാധിച്ചു; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, കടകൾ അടഞ്ഞുകിടക്കുന്നു

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തെ സാരമായി ബാധിച്ചു. തിരുവനന്തപുരത്ത് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. അതേസമയം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി
റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പോലീസ് വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇന്നലെ സർവീസ് തുടങ്ങിയ ദീർഘദൂര കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നഗരത്തിൽ ഏതാനും ഓട്ടോകൾ സർവീസ് നടത്തുന്നുണ്ട്
കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് സമരാനുകൂലികൾ തടഞ്ഞു. തൃശ്ശൂരിൽ ചില കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൃശ്ശൂരിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു. മലബാർ ഏരിയയിലും പണിമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്
രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സംഗമം നടക്കും.