അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയുടെയും സഞ്ജയ്‌യുടെയും ക്രൂരതകൾ വിവരിച്ച് തരൂരിന്റെ ലേഖനം

അടിയന്തരാവസ്ഥ കാലത്ത് നടന്ന ക്രൂരതകൾ വിവരിക്കുന്ന ലേഖനവുമായി കോൺഗ്രസ് എംപിയും എഐസിസി വർക്കിംഗ് കമ്മിറ്റി അംഗവുമായ ശശി തരൂർ. അടിയന്തരാവസ്ഥയെ പ്രധാന ആയുധമാക്കി ബിജെപി പ്രചാരണം നടത്തുന്നതിനിടെയാണ് കോൺഗ്രസിനെ വെട്ടിലാക്കി തരൂരിന്റെ ലേഖനവും വരുന്നത്. ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകൾ വിവരിക്കുന്നതാണ് ലേഖനം
അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠം ഉൾക്കൊള്ളണമെന്ന് തരൂർ പറയുന്നു. 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ മൂടിക്കെട്ടി, രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി
അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാനാകാത്ത ക്രൂരതകളായി. സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ഡൽഹി പോലുള്ള നഗര കേന്ദ്രങ്ങളിൽ ചേരികൾ ഇടിച്ചുനിരത്തി ആയിരങ്ങളെ ഭവനരഹിതരാക്കി
ഈ പ്രവൃത്തികളെ പിന്നീട് നിർഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവം കുറച്ച് ചിത്രീകരിച്ചു. ജനാധിപത്യ രാഷ്ട്രീയത്തിന്റെ അരാജകത്വത്തിൽ നിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ ഈ അക്രമങ്ങൾ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേർഫലമായിരുന്നു.
ഈ കാലത്തെ അതിക്രമങ്ങൾ എണ്ണമറ്റ മനുഷ്യങ്ങൾക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. 1977ൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽ തന്നെ ഇന്ദിരാ ഗാന്ധിയെയും അവരുടെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തിൽ പുറത്താക്കി അതവർ പ്രകടിപ്പിക്കുകയും ചെയ്‌തെന്ന് തരൂർ ലേഖനത്തിൽ പറയുന്നു.