6 വർഷം വിലക്ക്, എകെ ശശീന്ദ്രനും തോമസ് കെ തോമസും രാജിവെക്കണം: കത്തയച്ച് പ്രഫുൽ പട്ടേൽ

എൻസിപി സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസും മന്ത്രി എകെ ശശീന്ദ്രനും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ കത്തയച്ചു. അച്ചടക്കം ലംഘിച്ചതിന് ഇരുവരെയും ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായും കത്തിൽ പറയുന്നു. തോമസ് കെ തോമസ് തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയാണെന്ന് പ്രഫുൽ പട്ടേൽ കത്തിൽ ചൂണ്ടിക്കാണിക്കുന്നു
പാർട്ടി യോഗങ്ങളിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പങ്കെടുക്കുന്നില്ല. ഇതിനിടെ മറ്റൊരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ചാണ് 2021ൽ എംഎൽഎ ആയതെന്ന കാര്യവും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പാർട്ടിയുടെ അച്ചടക്ക കമ്മിറ്റി 6 വർഷത്തേക്ക് വിലക്കുന്നതായും എംഎൽഎ സ്ഥാനം ഒരാഴ്ചക്കുള്ളിൽ രാജിവെച്ചില്ലെങ്കിൽ അയോഗ്യനാക്കുമെന്നും കത്തിൽ പറയുന്നു. ഇതേ കാര്യങ്ങളാണ് എകെ ശശീന്ദ്രന് അയച്ച കത്തിലും പറയുന്നത്. നേരത്തെ എൻസിപി പിളർന്ന് അജിത് പവാർ, ശരദ് പവാർ വിഭാഗങ്ങളായി മാറിയിരുന്നു
അജിത് പവാർ പക്ഷത്തെയാണ് ഔദ്യോഗിക പക്ഷമായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത്. ക്ലോക്ക് ചിഹ്നം നൽകിയതും ഈ വിഭാഗത്തിനാണ്. അജിത് പവാർ പക്ഷത്തിന്റെ ദേശീയ വർക്കിംഗ് പ്രസിഡന്റാണ് പ്രഫുൽ പട്ടേൽ