അനിശ്ചിതകാല സമരം; സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈമാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച.
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുന്നതിൽ അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്. ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഈ മാസം എട്ടിന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് നടത്തിയിരുന്നു. സൂചന പണിമുടക്കിന് പിന്നാലെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. തുടർന്നാണ് ഗതാഗത മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്.