ജെഎസ്കെ സെൻസർ വിവാദം: ഹർജി ഹൈക്കോടതി തീർപ്പാക്കി, ചിത്രം തീയറ്ററുകളിലേക്ക്

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്കെ) സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. പ്രശ്നങ്ങൾ പരിഹരിച്ചെന്നും 11ാം തീയതി തന്നെ സെൻസർ സർട്ടിഫിക്കറ്റ് നൽകിയെന്നും കേന്ദ്ര സെൻസർ ബോർഡ് അറിയിച്ചതിന് പിന്നാലെയാണ് ഹർജി തീർപ്പാക്കിയത്. ചിത്രം നാളെ തീയറ്ററുകളിലെത്തും.
ചിത്രത്തിന്റെ ടീസറും ട്രെയിലറും പഴയ പേരിലാണ്. അതുകൊണ്ട് മറ്റ് നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കാൻ ഇടപെടണമെന്ന അണിയറ പ്രവർത്തകരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സിബിഎഫ്സി ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അണിയറപ്രവർത്തകർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയതും കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളിൽ ജാനകി എന്ന പേര് സിനിമയിൽ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. രാമായണത്തിലെ സീതയുടെ കഥാപാത്രമായി സാദൃശ്യമുള്ള ജാനകിയെന്ന പേര് പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സെൻസർ ബോർഡ് ജൂൺ 27 ന് പ്രദർശനാനുമതി നിഷേധിച്ചത്.