കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചു; ന്യൂമോണിയ ബാധിച്ച വിദ്യാർഥിനി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതിയാണ്(13) മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് അശ്വതിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്
എന്നാൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും കുട്ടിക്ക് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചില്ല. ആരോഗ്യനില മോശമായിട്ടും ഗൗരവത്തോടെ പരിഗണിച്ചില്ല. വെന്റിലേറ്റർ സൗകര്യമില്ലെന്ന് അറിയിച്ചു. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു
ഈ ആശുപത്രിയിലെ ചിലവ് താങ്ങാനാകുന്നതിലും അധികമായതോടെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി.