Kerala

നാലാം വയസിൽ അമ്മയും 11ാം വയസിൽ അച്ഛനും നഷ്ടമായി; പുന്നപ്രയുടെ വീരപുത്രൻ കേരളത്തിന്റെ കരളായി മാറിയത് എങ്ങനെ

1923 ഒക്ടോബർ 20ാം തീയതിയാണ് വിഎസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജനനം. നാലാം വയസ്സിൽ അമ്മയും 11ാം വയസിൽ അച്ഛനെയും നഷ്ടമായി. ഇതോടെ ഏഴാം ക്ലാസിൽ തന്നെ വിഎസിന് പഠനം നിർത്തേണ്ടി വന്നു. മൂത്ത സഹോദരനെ സഹായിക്കാൻ തുന്നൽക്കടയിൽ ജോലിക്ക് നിന്നു. ഇതിന് ശേഷം കയർ ഫാക്ടറി തൊഴിലാളിയായി.

കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടാണ് വിഎസ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവർത്തന പ്രക്ഷോഭം ഒരു സമരനായകന്റെ ഉദയമായിരുന്നു. 1938ൽ സ്‌റ്റേറ്റ് കോൺഗ്രസ് അംഗമായ വിഎസ് പുരോഗമന പ്രസ്ഥാനങ്ങളോടുള്ള താത്പര്യത്തെ തുടർന്ന് 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി മാറി

സഖാക്കളുടെ സഖാവ് എന്നറിയപ്പെടുന്ന പി കൃഷ്ണപിള്ളയാണ് വിഎസിന്റെ രാഷ്ട്രീയഗുരു. കർഷക തൊഴിലാളികളുടെ അവകാശ സംരക്ഷണ പോരാട്ടത്തിലും സ്വാതന്ത്ര്യ സമരത്തിലും വിഎസിന്റെ സമരതീക്ഷണത കേരളം കണ്ടു. 1946ലെ പുന്നപ്ര വയലാർ പ്രക്ഷോഭത്തോടെയാണ് വിഎസ് സംസ്ഥാന നേതൃതലത്തിലേക്ക് എത്തുന്നത്. 1957ൽ കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിലെ ഒമ്പത് അംഗങ്ങളിൽ ഒരാളായിരുന്നു വിഎസ്

1965ലാണ് വിഎസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. പരാജയമായിരുന്നു ഫലം. 1967ൽ നടന്ന മത്സരത്തിൽ വിജയിച്ച് ആദ്യമായി നിയമസഭയിൽ എത്തി. 1970ലും വിജയം ആവർത്തിച്ചു. 1977ൽ വീണ്ടും മത്സരിച്ചെങ്കിലും തോൽവി വീണ്ടും തേടിയെത്തി. പിന്നീട് 1991ലാണ് വിഎസ് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക മടങ്ങി എത്തുന്നത്.

മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് 9980 വോട്ടുകൾക്ക് വിജയിച്ചാണ് വിഎസ് നിയമസഭയിലേക്ക് എത്തിയത്. 1996ൽ കുപ്രസിദ്ധമായ കാലുവാരലിനെ തുടർന്ന് മാരാരിക്കുളത്ത് വിഎസിന് അടിതെറ്റി. എന്നാൽ പാർട്ടിയിൽ പ്രതിദിനം ശക്തിയാർജിക്കുന്ന വിഎസിനെയാണ് പിന്നീട് കാണാനായത്. പലതവണ നിയമസഭയിൽ എത്തിയിട്ടും അധികാര സ്ഥാനങ്ങൾ വിഎസിൽ നിന്ന് അകന്നുനിന്നു. പാർട്ടി ജയിക്കുമ്പോൾ വിഎസ് തോൽക്കും. വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും എന്ന പ്രയോഗം തന്നെ ഉണ്ടായത് ഈ കാലത്താണ്

പ്രതിപക്ഷ നേതാവ് എന്ന നിലയിലെ വിഎസിന്റെ പ്രവർത്തനങ്ങളാണ് ജനങ്ങളെ അദ്ദേഹത്തോട് അടുപ്പിച്ചത്. പ്രായാധിക്യം പോലും വകവെക്കാതെ മലയും കാടും കയറി ഇറങ്ങുന്ന വിഎസിനെ ജനം ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. പാവങ്ങളുടെ പടത്തലവൻ എന്ന് എകെജിക്ക് ശേഷം വിശേഷണം ലഭിച്ചതും വിഎസിനാണ്. 2006ൽ ഒടുവിൽ വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറി. 2011ൽ വീണ്ടും വിജയിച്ചെങ്കിലും എൽഡിഎഫ് അത്തവണ പ്രതിപക്ഷത്തായിരുന്നു.

തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തല്ലെൻ യുവത്വവും, കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്ത ശീലമെൻ യൗവനം.. വിഎസിന്റെ പ്രസിദ്ധമായ വാക്കുകളാണത്. ജീവിച്ചിരുന്ന കാലത്തോളം പോരാളിയായിരുന്നു വിഎസ്. കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നേതാവ്. പതിറ്റാണ്ടുകളോളം ജനമനസ്സുകളിൽ വിഎസ് എന്ന രണ്ടക്ഷരം എന്നും ജ്വലിച്ച് നിന്നിരുന്നു. സമരാഗ്നിയിൽ സ്ഫുടം ചെയ്ത് തെളിഞ്ഞുനിന്ന വിഎസ് അച്യുതാനന്ദൻ ഒടുവിൽ കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുകയാണ്

വ്യക്തി ജീവിത്തതിലെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ട പോരാളിയായിരുന്നു വിഎസ്. ഐതിഹാസികമായ പുന്നപ്ര വയാർ സമരത്തിലൂടെ കേരളത്തിന്റെ സമരനായകനായി വളർന്നു വന്നതാണ് വിഎസിന്റെ രാഷ്ട്രീയ ചരിത്രം. കൊടിയ പോലീസ് മർദനത്തിനും ക്രൂരതക്കുമൊന്നും ആ വിപ്ലവാഗ്നി കെടുത്താൻ സാധിച്ചിരുന്നില്ല

കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനം. 1938ൽ സ്റ്റേറ്റ് കോൺഗ്രസ് അംഗമായി. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അംഗമായി. 1954ൽ സംസ്ഥാന കമ്മിറ്റി അംഗവും 1956ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായി

1964ൽ സിപിഐ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങി വന്ന് സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വിഎസാണ്. സംസ്ഥാനത്തെ സാധാരണക്കാരുടെ ശബ്ദമായി പതിയെ വിഎസ് മാറുകയായിരുന്നു. 82ാം വയസ്സിൽ അദ്ദേഹം മുഖ്യമന്ത്രിയായി. 2019 മുതൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിഎസ് വിട വാങ്ങി. ഇപ്പോൾ ജീവിതത്തിൽ നിന്നും.

Related Articles

Back to top button
error: Content is protected !!